2012 ജൂൺ 9, ശനിയാഴ്‌ച

മൗനത്തിന്റെ മറുപുറം നിശബ്ദതയെ തൊടുമ്പോള്‍

മൗനം തോടുപോളിച്ചു
ശബ്ദത്തിന്റെ പൂട്ട്‌ തുറന്നവള്‍.
കേട്ട് കേട്ടെന്റെ കേള്‍വിയുടെ
ചരിത്രമായവള്‍.
കേട്ട് തുടങ്ങിയപ്പോള്‍
ഒരു പ്രായം മുഴുവന്‍
കുപ്പി വളകളുടെ നാണവും,
പ്രണയവും പരിഭാവവുമാ-
യുടഞ്ഞവള്‍.

കണ്ടപ്പോള്‍ കേട്ടതോക്കയും
വെട്ടിയും തിരുത്തിയും
വിശുദ്ധമാക്കുകയോ,
വികൃതമാക്കുകയോചെയ്യ്തവള്‍. 
നിരാശയുടെ ചാറ്റലില്‍
കണ്ണിരായ് നനഞ്ഞു, തിരിന്ജോഴുകാതോഴുകിയവള്‍.

എന്നിട്ടും മൗനം വീണ്ടും
നിന്റെ വാക്കുകളുടെ
ഉറവയടയ്ക്കുന്നു.
പ്രണയം സ്കലിപ്പിച്ച രേതസിന്റെ
പശിമയില്‍ ഉള്ളില്‍ ഞാനോട്ടിയോ-
എന്ന് നീ തിരിഞ്ഞു നില്കുന്നു.
എങ്കിലും
മുട്ടിവിളിക്കുന്നുന്ടെന്നും-
മെന്‍‍പ്രാണനാല്‍
നീ ഉണരാത്തത്ര
നിശബ്ദമായ്.

നീ....



നിന്‍റെ ഉറക്കമില്ലാത്ത രാത്രിയാണ്
എന്‍റെ ജീവിതം
നിന്‍റ മൌനമാണ്‌
എന്‍റെ സംഗീതം
നിന്‍റ സ്വപ്നങ്ങളാണ്
എന്‍റെ പ്രതീക്ഷ
നിന്‍റ അഴകാണ്
എന്‍റെ ആഹാരം
നിന്‍റ മണമാണ്
എന്‍റെ ലഹരി
നിന്‍റ ഒഴിഞ്ഞ വസ്ത്രങ്ങളാണ്
എന്‍റെ കിടക്ക
നിന്‍റ നിശ്വാസങ്ങളാണ്
എന്‍റെ പുതപ്പ്
നിന്‍റ വിരലുകളാണ്
എന്‍റെ സ്പര്‍ശനം
നിന്‍റ കണ്ണുകളാണ്
എന്‍റെ കാഴ്ച
നിന്‍റ നാണമാണ്
എന്‍റെ നഗ്നത
നിന്‍റ ഓര്‍മ്മയാണ്
എന്‍റെ ഭൂതകാലം
നിന്‍റ നെടുവീര്‍പ്പുകളാണ്
എന്‍റെ ആത്മകഥ
നിന്‍റ വക്കാണ്
എന്‍റെ പെരുവഴി.

വെറുതെ

നോക്കരുതോരിക്കലും
വെറുതെ നീ.....
നോട്ടത്തില്‍ സ്നേഹത്തിന്റെ
അടയാളങ്ങളുണ്ട്.

ചിരിക്കരുതോരിക്കലും
വെറുത നീ ....
ചിരിയില്‍ സ്നേഹത്തിന്റെ
നിക്ഷേപമുണ്ട്.....

കരയരുതോരിക്കലും
വെറുതെനീ....
കണ്ണിരില്‍ സ്നേഹത്തിന്റെ
ഫോസിലുകളുണ്ട്.

വാചാലമാകരുതോരിക്കലും
വെറുതെനീ...
വാക്കില്‍ സ്നേഹത്തിന്റെ
വിളംബരമുണ്ട്

സ്പര്‍ശിക്കരുതാരെയും
വെറുതെനീ...
സ്പര്‍ശത്തില്‍ സ്നേഹത്തിന്റെ
മുദ്രകളുണ്ട്

പ്രണയിക്കരുതാരെയും
വെറുതെനീ...
പ്രണയം പ്രപഞ്ചത്തിന്റെ
കയ്യോപ്പുകളാണ്.

വേറുക്കരുതാരെയും
വെറുതെനീ...
വെറുപ്പില്‍ സ്നേഹത്തിന്റെ
നൊമ്പരമുണ്ട്

ഓട്ടക്കലത്തിലെ ഓണം

ഓര്‍ക്കുന്നു ഞാനെന്റെ
 ഓര്‍മ്മയാംപൂക്കാല -
 ബാല്യത്തില്‍ നിറയുന്ന ഓണ കാലം...

അത്തമുദിക്കുംമുമ്പെ-
ത്രയോമുമ്പെന്റെ ചിത്തംനിറയുന്ന ഓണ കാലം......
പൂക്കളില്‍ തുമ്പിയും തുമ്പയില്‍ ഞങ്ങളും
തൊടിയിലായ്‌ തുള്ളിക്കളിച്ച കാലം...

 ഇല്ലായ്മകൊണ്ടച്ഛ്ന്‍ ഉള്ളം
തിളയ്ക്കുമ്പോള്‍ ഉണ്മയാം പുഞ്ചിരി-
പ്പാലുകൊണ്ടേന്നമ്മ പാത്രം
 നിറയ്ക്കുന്ന ഓണ കാലം.......

പച്ചമുളകും പഴംകഞ്ഞിയും
 പിച്ച വച്ചപ്പോഴേ കുടിച്ചകാലം...
 കൊച്ചനുജന്റെ കണ്ണീരകറ്റാന്‍
കുട്ടിക്കുരങ്ങായി കളിച്ചകാലം....

പിന്നിലായ്‌ പിഞ്ചി- ത്തുളഞ്ഞ ട്രവ്സര്‍
 ലഞ്ജയായിപ്പൊത്തി- പ്പിടിച്ച കാലം.........

 പട്ടിണികൊണ്ട്ന്ധകാരം - പെരുക്കുന്ന
പൊട്ടക്കലത്തില്‍ സൂര്യനുദിക്കുംകാലം....

ഇഷ്ടവിഭവങ്ങളെത്ര- നിരന്നാലും,
വിലയേറും വീര്യങ്ങളൊക്കെ നുകര്‍ന്നാലും,
 ചാനലില്‍ ൈപങ്കിളി പാറിപറന്നാലും,
ഒക്കില്ലല്ലൊരിക്കലും ഒന്നിച്ചു ചേരാത്ത
മനസ്സുകള്‍ ഘോഷിക്കും ഓണ കാലം........

ഓണമാണിന്നെന്ന് ആരോപറയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്റെ
ഓട്ടക്കലത്തിലെ ഓണ കാലം...........

ഇരുട്ടിന്റെ ചിത്രം

വെളുക്കും മുന്‍പ്‌  ഉണര്‍ത്തിയതാരെന്നെ ?
എം. എസ്. സുബലക്ഷ്മിയോ ?
ഭാര്യയോ ? കോഴിയോ ? അതോ
ഉണ്ണിയോഴിച്ച മൂത്രമോ ?
കണിവിളക്കിനു മുന്നില്‍ കണ്‍ തുറന്നപ്പോള്‍
കണ്ടത് കണ്ണനെയല്ല
കൊള്ളപ്പലിശക്കാരന്‍ സ്റ്റിഫന്റെ മുഖമായിരുന്നു.
വെകാത്ത കപ്പയും വെന്തമനസുമായി 
പ്രാതലിനിരിക്കുംപോളവള്‍
വാടകക്കുടിശ്ശികയും പാലിന്റെ-
കണക്കും വിളമ്പി....
അരുചിയില്‍ മനംപുരട്ടി 
പ്രാതല്‍ മാറ്റി പ്രാണനുംകൊണ്ട് പിന്മതില്‍ ചാടി 
പുറത്തേക്കിറങ്ങി.
സ്വത്തും സ്ഥാനമാനങ്ങളും ത്യജിച്ചു 
പ്രണയ ലഹരിയിലിറങ്ങിത്തിരിച്ചവള്‍,
എന്നുള്ളില്‍ സ്നേഹതീര്‍ത്ഥം കുടഞ്ഞവള്‍,
ഉടലിനുന്‍മാദമാവോളം പകര്‍ന്നവള്‍,
ഉണ്ണിയെ ഉദരത്തിലോമനീച്ചവള്‍.
ഉപ്പും ഉണക്കമുളകുമുടച്ച് ഊണൊരുക്കിയവള്‍,
കറുത്തചരടില്‍ കയ്യ്-
ചേര്‍ത്തെന്നെപ്പഴിക്കാതെ 
ദാരിദ്ര്യവും സ്വപ്നവും കൊറിച്ചിരിക്കുന്നു.
അലക്കിയിട്ടും അലക്കിയിട്ടും 
തെളിയാത്ത മുഷിഞ്ഞ വസ്ത്രംപോലെ 
ജീവിതം പിന്നയും....പിന്നയും......

നനഞ്ഞു പെയ്യ്ത മഴത്തുള്ളികള്‍

വലിച്ചു വാരികെട്ടിയ തിടുക്കത്തിന്റെ   ബാഗുമായി അവ്യക്തതയെ ലക്ഷ്യമാക്കി നീങ്ങി. ചെയ്യ്തു ശീലമില്ലാത്ത ഒരു ജോലിയുടെ അപരിചിതത്വംപോലെ, യാത്രാ ഒരുക്കത്തിന്റെ പല രംഗത്തും വെട്ടലും തിരുത്തലും കൊണ്ട് അസ്വസ്ഥമാക്കി. പക്ഷെ ആദിര്‍ശ്യമേന്നൊക്കെ ഒത്തുതീര്‍പ്പില്‍ എത്താവുന്ന ഒരു ശക്തി വേഗതയുടെ ഞരമ്പുകളില്‍ രക്തം നിറയൊഴിച്ചു.
റെയില്‍വേസ്റ്റേഷനിലെ വെത്യസ്തമായ  ജീവിതതിരക്കുകളിലൂടെ കൃത്യമായ ഒരു ഇടം സൃഷ്ടിച്ചു തണല്‍വീശിനില്‍ക്കുന്ന വാകമരത്തിന്റെ ചുവട്ടില്‍ ആശ്വാസത്തിന്റെ ഒരു മുനമ്പ് കണ്ടെത്തി.
തലയ്ക്കുമുകളില്‍ വാകപൂക്കളുടെ പുഞ്ചിരിക്കുന്ന ചുവന്നവെളിച്ചം. താഴെ കൊഴിഞ്ഞു വീണു മരിച്ച പൂക്കളുടെ സ്മശാനം.  ചിരിക്കും കണ്ണിരിനുമിടയില്‍ ജീവിതവും പിടിച്ചു അനങ്ങാതെ നിന്നു. തിക്കും തിരക്കും  അല്പനിമിഷമെങ്കിലും ചിട്ടപ്പെടുത്തുന്ന വശ്യമായ ഈണം ചേര്‍ത്ത് മിനുക്കിയ മുന്നറിപ്പുകളിലോന്നു ഉള്ളില്‍ കുറിച്ചെടുത്തു. ടിക്കറ്റില്‍ തെളിഞ്ഞും മങ്ങിയും കിടന്ന അക്ഷരങ്ങള്‍ വായിച്ചു വ്യക്തതയുടെ ബലം ഒന്നുകൂടി ഉറപ്പുവരുത്തി.  നിശ്ചയ ധാര്‍ടിയത്തിന്റെ കരുത്തോടെ കുതിച്ചെത്തിയ തീവണ്ടിക്കുള്ളില്‍ വ്യവസ്ഥ ചെയ്യ്ത പ്രകാരം കൃത്യമായി ജനാലയ്ക്കരുകില്‍ ഇരുപ്പുറപ്പിച്ചു. ഇനി ഓര്‍മ്മകളും സ്വപ്നങ്ങളും തിന്നും കുടിച്ചും രണ്ടു നാള്‍! രണ്ടാം ദിനം അവസാനിക്കുന്ന ഇടത്ത് , കേട്ട് കേട്ട് പഴക്കം ചെന്ന ചിത്രവുമായി, മനം നിറയെ സിംഫണിയുമായി  മന്ത്രസ്ഥായിയില്‍ ഒരാള്‍ ! ഇളകി നീങ്ങിയ തീവണ്ടിക്കൊപ്പം  ഒന്ന് ഇളകിയിരുന്നു. ജീവചരിത്ര പുസ്തകത്തിന്റെ ഏടുകളില്‍ മഴവില്ലുകള്‍ വിരിയാന്‍ പോകുന്നു. ഹൃദയം തീവണ്ടിയുടെ താളത്തിനൊപ്പം മിടിക്കുന്നുണ്ടോ?  ശബ്ദം കൊണ്ട് പരസ്പരം വരച്ചുചെര്‍ത്ത ചിത്രങ്ങള്‍ക്ക് യാഥാര്‍ത്യതിന്റെ നിറം പെയ്യാന്‍ പോകുന്നു. അതിവേഗം ദൂരങ്ങള്‍ കീഴടക്കി വിജയ ഭേരി മുഴക്കി നീങ്ങുന്ന തീവണ്ടിയുടെ മുന്നോട്ടുള്ള കുതുപ്പിനുള്ളില്‍ ഇരുന്നുകൊണ്ട് ഓര്‍മ്മ പുറകിലേക്ക് ഓടി...  
വ്യാപ്തിയിലേക്ക് വഴുതി വീഴാവുന്ന ഉറിയ ഉറക്കത്തിന്റെ ഉര്‍വ്വരതയിലേക്ക്, ഒരു പരിച്ചയപെടുത്തലിന്റെ താളമായി ഒരാള്‍ !....
                             "അത്....പിന്നെ ....കവിതകള്‍                വായിച്ചു...നന്നായിരിക്കുന്നു.....ഇഷ്ടമായി....."
ഒറ്റ ശ്വാസത്തിന്റെ നീളത്തില്‍ ഞെരുക്കിവേച്ച ശബ്ദത്തിന്റെ പതറിച്ച!! പേര്, നാട്, വീട്.... എല്ലാം പറഞ്ഞും കെട്ടും പരിച്ചയിച്ചും പോട്ടിചിരിയുടെയും നര്‍മ്മത്തിന്റെയും അലുക്കുകള്‍ തീര്‍ത്തു. അങ്ങനെ ഒറ്റപാളത്തില്‍ കയ്യുകള്‍ രണ്ടു വശത്തേക്കും ബാലന്‍സ് ചെയ്യ്തു നീങ്ങിയ ജീവിത അനശ്ചിതത്തില്‍ ഒരു വിരല്‍ താങ്ങായി....
ബാല്യം മുതല്‍ ഇങ്ങു ഈ വറുതി വരെ കിനാവും കണ്ണിരും എല്ലാം......ഉള്ളില്‍ കനച്ചു കിടന്ന മധുരവും കയ്യ്പും, ജീവിതത്തിന്റെ ഉപ്പു ചേര്‍ത്ത് പകര്‍ന്നുതന്ന എത്ര രാത്രികള്‍ പകലുകള്‍...ഇണക്കവും പിണക്കവും ഇഴചേര്‍ത്തു പിരിച്ചെടുത്ത ഭാവനയുടെ പുതപ്പിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു വിയര്‍പ്പിനുള്ളില്‍ ലയിച്ച നിമിഷങ്ങള്‍.....ഒടുവില്‍ ഭാവനയുടെ അനന്ത സാധ്യതയില്‍ തീര്‍ത്തെടുത്ത സ്വപ്നങ്ങളുടെ കാര്‍ബണ്‍ കൊപ്പികളെ യാഥാര്‍ത്ഥ്യത്തിന്റെ  വെളിച്ചത്തില്‍ വിവസ്ത്രമാക്കാനുള്ള ത്വരയില്‍ വിരല്‍ ബലമായി  പിടിച്ചു ഒപ്പുവേപ്പിച്ചപ്പോള്‍! അസാധ്യതയുടെ കൊള്ളിമീനുകള്‍ ജീവനുമേല്‍ പലതവണ പാഞ്ഞുവെങ്കിലും. മറിച്ച് എതിര്‍ക്കാന്‍ കയ്യിലൊന്നും ഇല്ലായിരുന്നതിനാല്‍, ഈ യാത്ര ഇന്ന് പുറപ്പെടുന്നതിനു എത്രയോ  മുന്‍പേ തുടങ്ങിവെച്ചിരുന്നു.  പിന്നീടുള്ള ഓരോ ദിവസവും യാത്രയ്ക്കുള്ള അരങ്ങു ഒരുങ്ങുകയായിരുന്നു.....അവിടെ സ്വീകരണത്തിനുള്ള മേയ്യോരുക്കത്തിന്റെ കൊടിയുയരുകയായിരുന്നു. ഇതിനിടയിലെപ്പോഴോ വെളുത്ത പേജിലെ കറുത്ത വരകള്‍ പോലെ ധാര്മ്മികതയുടെയും ശെരി തെറ്റുകളുടെയും ചൂരല്‍ ശ്വാസനകളെ സ്നേഹത്തിന്റെ പുത്തന്‍ ധാരണകള്‍ കൊണ്ട് ഒത്തുപിടിച്ചു മറികടന്നു. ആവശ്യം മാത്രമായി കനം വെച്ച മനസുകള്‍ പുറത്തേക്കുള്ള കേള്‍വിയുടെ വാതിലുകള്‍ കൊട്ടിയടച്ചു. നക്ഷത്രങ്ങള്‍ ചോദ്യങ്ങളായി ഉദിച്ചതും, കാറ്റ് മുഖം തിരിച്ചു പോയതും ഉള്ളില്‍ നിന്നും തുടച്ചുകളഞ്ഞത് ഒരു നിഴല്‍പോലും ബാക്കിവേക്കതെയാണ്. മൊബൈലിലെ ഒറ്റപ്രസ്സില്‍ നിന്ന് അക്കങ്ങള്‍ ബീജങ്ങള്‍ പോലെ പറന്നു അങ്ങ് ത്രസിച്ചു നില്‍ക്കുന്ന മൊബൈലിലെ പ്രാപിക്കുകയും ചെയ്യുന്ന സാങ്കേതിക തികവിനെ ഒരു ഇണചേരല്‍ പോലെ ജൈവികമാക്കിയ ഇക്കാലങ്ങളിലോക്കയും മറന്നു പോയത് ജീവിതാനുഭവത്തിന്റെ വരവ് ചിലവുകലെയാണ് , ഒറ്റനൂലില്‍ മുത്ത്‌കളായി കൊര്‍ക്കപെട്ട ബന്ധങ്ങളെയാണ് . മാതാപിതാക്കള്‍, സഹോദരങ്ങള്‍ ,ഭാര്യ, മക്കള്‍....ഗുക്കന്മാര്‍ സുഹൃത്തുക്കള്‍ ...എല്ലാം തെടിയെത്തിയതെന്നോ തെടിപിടിച്ചതെന്നോ ബോധപൂര്‍വം എടുത്തുപയോഗിക്കാവുന്ന അനുഭൂതികളുടെ അതിരിന്നപ്പുറത്തു ഒരു ഇടവേളയിലേക്ക് പറഞ്ഞു വെക്കുകയായിരുന്നു. നിവര്‍ന്നു നില്ല്ക്കാന്‍ ഒരിടം ഒഴിപ്പിക്കല്‍ ഭീഷണി ഒരു ഞരക്കംപോലെ തലയിണയ്ക്ടടിയില്‍ ഞുളയ്ക്കുന്നു. ഏതു പാതിരാവിലും ഒരുവിളിയും തെരുവിലെക്കൊരു കനത്ത ചൂണ്ടു വിരലും മുന്നിലേക്ക്‌ ചാടി വീഴെഴ്ക്കാവുന്ന അവസ്ഥയില്‍ .....താലി കെട്ടി കരാര്‍ ഉറപ്പിക്കപെട്ടതും ബീജം നല്‍കി കുരുപ്പിച്ചടുത്തതുമായ കണ്ണുകള്‍, പൊടി പിടിച്ച ജന്മത്തിലേക്കു  ഉറ്റു നോക്കുമ്പോള്‍.....ഒരു ഉത്തരത്തിനായി തിരയേണ്ടത് നിലാവ് നിലച്ച അന്ധകാരതിലെക്കാണ്. ഒന്നുകില്‍ എല്ലാം മറന്നു പോട്ടികരയാം, അല്ലങ്കില്‍ ചിരിക്കാം. രണ്ടിനും മനസും ശരീരവും നല്‍കുന്ന പ്രതിഭലം കണ്ണീരാവും. ഈ രണ്ടുതുള്ളി കണ്ണീരിനു വേണ്ടി എന്തിനു കരയണം ? അല്ലങ്കില്‍ ചിരിക്കണം ? ചിരിക്കും കണ്ണീരിനും ഇടയില്‍ ജീവിതം ചിന്നം വിളിക്കുന്നു.
തീവണ്ടി അപരിചിതമായ ഏതൊ സ്റ്റേഷനില്‍ വിശ്രമത്തിനായ് നിന്നു. പുറത്തേക്കു ഇറങ്ങി ഒരു കുപ്പി തണുത്ത വെള്ളത്തില്‍ മുഖം കഴുകി. കുറച്ചു കുടിച്ചു. ഉള്ളിലേക്ക് തണുപ്പ് മുനയുള്ള നൂലുപോലെ താഴ്ന്നിറങ്ങി. മൊബൈല്‍ കിളി കുഞ്ഞുങ്ങളെ പോലെ ചിലച്ചു. "...എവിടം വരെയായി " സ്റ്റേഷനിലെ ബോര്‍ഡില്‍നിന്നു സ്ഥലനാമം വായിച്ചു പറഞ്ഞുകൊടുത്തു.
" ദൂരം കുറഞ്ഞുകൊണ്ടെയിരിക്കുന്നു....അല്ലെ ?...."
" അതെ ഇനി ഒരു സൂര്യോദയത്തിന്റെ അകലം മാത്രം"  ഒരു നിശ്വാസത്തിന്റെ ചൂരോടെ ഫോണ്‍ കട്ടായി. തീവണ്ടി വീണ്ടും പ്രൌഡമായ കുതിപ്പോടെ മുന്നോട്ട്......

വായിക്കാന്‍ എടുത്തുവെച്ച കവിതാപുസ്തകത്തില്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നില്ല. മടക്കിവെച്ചു വീണ്ടും ചിന്തകളിലേക്ക് കടന്നു. നേരം സന്ധ്യയിലെക്കും.
ദൂരെ സൂര്യന്‍ ഒരു രെക്തഗോളം പോലെ ആകാശത്തില്‍ പറ്റിനില്‍ക്കുന്നു. ചുവന്നവേളിച്ചം തീവണ്ടിയുടെ വേഗതയെ  അതിജീവിച്ചു ജനാല കമ്പിയെ  തട്ടി ഉള്ളിലേക്ക് പകര്‍ന്നു കിടക്കുന്നു. അല്പനെരത്തിന് ശേഷം പ്രപഞ്ചം ഇരുട്ടിലാകും. ചിലപ്പോള്‍ നിലാവ് കൂട്ടിനെത്തും. അപ്പോള്‍ ഭൂമിയ്ക്ക് ,തലയില്‍ വെള്ള സാരിപുതച്ച ഒരു വിധവയുടെ മൂക സൌന്ദര്യമായിരിക്കും. കണ്പീലികളില്‍ മഞ്ഞിന്റെ കണ്ണീര്‍ മുത്തുകളും....ഉള്ളില്‍ ചില വാക്കുകള്‍ വീണുടയും പോലെ. ബുക്കും പേനയുമെടുത്ത്‌ കറുത്ത അക്ഷരങ്ങളില്‍ കയ്യ് കോര്‍ത്തു.
                .....ഉടല്‍ ചൂട് മാത്രമേ
                     ഉള്ളിനിപങ്കിടാന്‍..
                     ഉടയാതെ സൂക്ഷിച്ച
                     മനമെന്നെ പകുത്തു നാം
                     ..........................
ഉള്ളില്‍ പതഞ്ഞത് അത്രയും പെറുക്കാന്‍ കഴിയാത്തതില്‍ വെട്ടികള്ഞ്ഞു മാറ്റിവെച്ചു. പുറത്തെ ഇരുളിന്റെ ശാന്തത തീവണ്ടിക്കുള്ളിലും നിറഞ്ഞു. തിരക്കുകുറഞ്ഞ ബോഗിക്കുള്ളില്‍ പലരും ഉറക്കത്തിന്റെ ലോകത്തേക്ക് കടന്നു. പുറത്തു ദൂരെ അങ്ങിങ്ങായി വെളിച്ചത്തിന്റെ പൊട്ടുകള്‍. ഉറക്കം ചോദിച്ചു വാങ്ങാന്‍ താല്‍പ്പര്യം ഇല്ലാതെ പുറകിലേക്ക് ചാരിയിരുന്നു. ഓര്‍മ്മയില്‍ കയറിവന്നത് എല്ലാം ഒന്നുകൂടി തലോടി മിനുസപെടുത്തി.കണ്ണുകള്‍ മേല്ലെയടച്ചു. ഉള്ളിലെ കനലിനുമുകളില്‍ തണുത്ത ശ്വാസത്തിന്റെ പുതപ്പുവലിച്ചിട്ടു. കറങ്ങി നടന്ന ഒരു ചെറു മയക്കം അടഞ്ഞ കണ്പോലകള്‍ക്ക് മുകളില്‍ മെല്ലെ പറന്നിരുന്നു.
ഉണങ്ങിയ പുഴയ്ക്കുമെലെയുള്ള പാലത്തിലെക്കുകയറിയ തീവണ്ടിയുടെ ഒച്ച കനത്തു കേട്ടപ്പോള്‍ ആരോ തട്ടി ഉണര്‍ത്തിയപോലെ മെല്ലെ ഉണര്‍ന്നു.വറ്റിയ പുഴയ്ക്കുമീതെ പ്രഭാതത്തിന്റെ മഞ്ഞ വെളിച്ചം. കണ്ണുകള്‍ തിരുമി ആദ്യ വെളിച്ചത്തിന്റെ സ്നേഹവായ്പില്‍ത്തന്നെ പ്രകൃതിയെ നോക്കികണ്ടു. നോക്കെത്താദൂരത്തോളം പുഴ നാവുണക്കി കിടക്കുന്നു ഒരു തുള്ളി ജലവും കാത്തു ഈ പുഴ ഇനി എത്ര നാള്‍ ?. മൊബൈലില്‍ അന്നത്തെ ആദ്യ വിളി. ദൂരം വളരെ ചെറുതായിരിക്കുന്നു. വരണ്ട പുഴ കടന്നുവെന്ന് ഓര്‍മ്മപെടുത്തി. ആകുലതകള്‍ നിറഞ്ഞ സന്തോഷം പങ്കിട്ട് മൊബൈല്‍ കട്ടായി. ഇനി ഏതാനും  നിമിഷങ്ങള്‍ മാത്രം!  ഇറങ്ങേണ്ട സ്റ്റേഷനില്‍ നെഞ്ചില്‍ കുറെ സ്നേഹവും പരിഭവവും ആശകളും ആശങ്കകളും കൊണ്ട് രണ്ടുപേര്‍.....വര്‍ഷങ്ങളോളം വാക്കുകളിലൂടെയും ശബ്ധങ്ങളിലൂടെയും മാത്രം സംവേദിക്കപെട്ട രണ്ടുപേര്‍ !
ഭീതി നിറഞ്ഞ ഒരു കോരിത്തരിപ്പ് വയറിനുള്ളില്‍ നിന്ന് മുകളിലേക്ക് വന്നു എങ്കിലും വിഴുങ്ങി കളഞ്ഞു. പുറത്തെ കാഴ്ചകള്‍ മാറി ....കേഴ്വികള്‍ മാറി.... ഗന്ധം മാറി....ഇരച്ചുനിന്ന തീവണ്ടിയില്‍നിന്നും പുറത്തെക്കിറങ്ങി. തിക്കും തിരക്കും  നിറഞ്ഞ ഫ്ലാറ്ഫോമില്‍ എത്ര വിചാരിച്ചാലും മറ്റൊരാളെ സ്പര്‍ശിക്കാതെ നടക്കുക അസാധ്യം. ഇത്തിരി ഇടകിട്ടിയ ഇടത്തിലേക്ക് നീങ്ങിനിന്നു. കാള്‍ ചെയ്യ്തു....നില്‍ക്കുന്ന സ്ഥലം പറഞ്ഞുതന്നു. വളരെ അടുത്തെങ്കിലും ചന്ദ്രനിലെ ഒരു സ്ഥലം പറഞ്ഞതുപോലെ തോന്നി. തിരക്കിനുള്ളില്‍ ഇഴഞ്ഞും വലിഞ്ഞും നീങ്ങി. മൊബൈല്‍ തിരക്കിനിടയില്‍ വീണ്ടു ചിലച്ചു. പറഞ്ഞ വഴിയെ കുറുകിയും നിവര്‍ന്നും നടന്നിതാ....! മുന്നില്‍ കാതില്‍ നിന്നും ഊരിഎടുത്ത ഫോണുമായി....നിശബ്ദത, പിന്നെ എന്തൊക്കയോ.....പറഞ്ഞതിനൊക്കെ ഒരു അര്‍ഥവും ഇല്ലന്നുതോന്നി....അക്ഷരങ്ങള്‍ പോലും തെറ്റി ശബ്ദം കണ്ണീരുവീണു മുറിഞ്ഞു...................
അടുത്ത തീവണ്ടിയില്‍ ഒരുമണികൂര്‍ മുട്ടിയുരുമിയിരുന്ന്‍ നേരത്തെ പറഞ്ഞുറപ്പിച്ച മുറിയുടെ സ്വകാര്യതയുടെ പൂട്ടുതുറന്ന് ഉള്ളിലേക്ക്....ഞരമ്പില്‍ അഗ്നിവിതറിയ ആദ്യസ്പര്‍ശം.! അടര്‍ത്തിമാറ്റിയ ചുണ്ടില്‍ കെട്ടികിടന്ന കനച്ച മധുരം...! നഗ്നതയുടെ വെള്ളി വെളിച്ചം! ഒരേ നൂലില്‍ കോര്‍ത്ത രണ്ടു ശ്വാസങ്ങള്‍....!
പകല്‍ വാടിത്തുടങ്ങി കയ്കള്‍ കോര്‍ത്ത്‌ പിടിച്ചു കിട്ടിയ സാധ്യതയില്‍ കഴിയുന്നത്ര മുട്ടിയുരുമി റോഡിലും ഭക്ഷണശാലകളിലും വാഹനങ്ങളിലും ഭീതിയും സന്തോഷവും കൂട്ടികലര്‍ത്തി നടന്നു...പറയാനുള്ളത് ഒരേകാര്യമായിരുന്നതിനാല്‍ ഒന്നും പറഞ്ഞില്ല. കണ്ണുകളിലേക്കു നോക്കി വിരല്‍ വിരലിനെ പുണര്‍ന്ന് അങ്ങനെ രണ്ടു നാള്‍ ഒരു നിമിഷത്തിലേക്ക്‌ ചുരുങ്ങിയപോലെ....
മടക്കിയാത്രയുടെ കനം തൂങ്ങുന്ന മനസുമായ് അതെ പാതയില്‍ മറ്റൊരു തീവണ്ടിയില്‍ ചൂളം വിളിയുടെ ഇടനെരത്തില്‍ ഒന്നും പറയാതെ..... ഇമയടയ്ക്കാതെ.....തീവണ്ടിയിലും ഫ്ലാറ്ഫോമിലുമായി ......ദൂരം ദൂരത്തിലേക്ക് വളര്‍ന്നു....വെളിച്ചത്തിന്റെ ഒരു പൊട്ടായ്...പിന്നെ കണ്ണില്‍ ഒരു തുള്ളിയായ്......
പകലിന്റെ ഈ പകുതിയിലും കണ്ണില്‍ ഇരുട്ടിന്റെ പുക.....ഇടയ്ക്ക് എപ്പോഴോ ശബ്ദം നഷ്ടപെട്ട വിളികള്‍.....നിശ്വാസങ്ങള്‍ മാത്രം സംസാരിച്ച നിമിഷങ്ങള്‍.....
രാത്രിയും പകലും മാറിമാറി വന്നു...പുറം കാഴ്ചകള്‍ ഒന്നും കാണാതെ ഹൃദയതിലേക്കു നോക്കിയിരുന്നു. ഇനി ജീവിതത്തിന്റെ മറ്റൊരു പകല്‍ വെളിച്ചത്തിലേക്ക്‌.....
"ഇനിയെന്ന്...?"
"ജീവിച്ചിരിക്കുന്നവരുടെ സ്മശാനമായ ഏതെങ്കിലും ഒരു ശരണാലയത്തില്‍ ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞിരിക്കുംപോള്‍!.....അതുവരെ നമുക്ക് ശബ്ദത്തിന്റെ വാക്കുകളുടെ ചോരയും നീരും കൊണ്ട് ജീവിതം ഊര്‍ജസ്വലമാക്കം."

സൌഹൃദം

ഇരപിടിയന്റെ സൌഹൃദം
ഒരധിനിവേശമാണ്.

മുട്ടിവിളിയുടെ മുന്ജാമ്യംപോലുമില്ലാതെ
മൌനംതുറക്കും,

ഒരു ചിരിയോ ഉപചാരമോ കൊണ്ട്
ഉള്ളിലെക്കൊരു പരവതാനിവിരിയ്ക്കും,
പിന്നെ,തന്ത്രപ്രധാനമായപഞ്ചേന്ദ്രിയങ്ങള്‍
ഒന്നൊന്നായ് പിടിച്ചെടുക്കും,

തലയ്ക്കുമുകളില്‍ തത്വശാസ്ത്രങ്ങളുടെ
തന്തയില്ലാ വിമാനങ്ങള്‍
നിരീക്ഷണപറക്കല്‍ നടത്തും,

കാരുണ്യം, ദയ, സ്നേഹം, പ്രണയം
എന്നീ ജൈവകൃഷിയുടെ
പേറ്റെന്റവന്‍ കവര്ന്നെടുക്കും,

കപടാശയങ്ങളുടെ ഷണ്ഡികരിച്ച
ജനിതക വിത്തുകള്‍ വിതയ്ക്കാന്‍ തരും.

തിരിച്ചറിയാന്‍ സൂക്ഷ്മതലത്തിലൊരു
അടയാളവും അറിഞ്ഞുകൊണ്ട്
ബാക്കി വെക്കില്ല.
എങ്കിലും പരമസാത്വികന്റെ
പഴഞ്ചന്‍ കുപ്പായം വ്യക്തിത്വത്തിന്റെ
ബാര്‍കോഡായി കയ്യിലുണ്ടാകും.

പുച്ഛവും, ധാര്‍ഷ്ട്യവും, അഹന്തയും
നവരസങ്ങളുടെ രസകൂട്ടില്‍
വിഷാദം ചമയ്ക്കും.

ഉണര്ന്നെണീയ്ക്കാന്‍ ഒരുകീറു-
ഭൂമി തിരയുന്നുവേന്കില്‍!
ഇരപിടിയന്റെ   സൌഹൃദം
അധിനിവേശമെന്നുനിങ്ങള്‍
തിരിച്ചറിയുകയും, ഒരു പരാജിതന്റെ
മുഖച്ചായയായിരുന്നു അവനെന്ന്
ഓര്‍മ്മപ്പെടുകയും ചെയ്യും.

വിശക്കുന്നവന്റെ മുന്നില്‍ ഇര
ജീവശാസ്ത്രം !
ഇരയ്ക്ക് മുന്നില്‍
ഇരപിടിയനെന്തു പ്രത്യേയശാസ്ത്രം!

കാലമേ നീ

കാലമേ നീ
മായ്ക്കരുതതുമാത്രമൊരിക്കലും
കനല്‍ത്തുമ്പിനാലവളെന്‍
കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ...

വ്യര്‍ത്ഥമായ്‌ തോന്നും
നിനക്കാച്ചുവരെഴുത്തൊക്കയും
അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം.

കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍,
കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍
ഒരുതുള്ളി നെറുകയില്‍
പ്രണയമായ് പെയ്തവള്‍
ഒഴിഞ്ഞയീചില്ലയില്‍
ഇലകളായ്‌ പൂക്കളായ്......

ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെ
പുകയുന്ന ജീവിതച്ചൂരുമായ്‌ നീങ്ങവേ......
നിരതെറ്റി വീണൊരു വാക്കില്‍ മുറിഞ്ഞവള്‍
നിഴല്‍പോലുമേകാതെ മറഞ്ഞുപോയ്‌ കാലമേ....

നില്‍ക്കുന്നുണ്ടിന്നുമതിലൊരു തളിര്‍....
വാടാതെ വിടര്‍ന്നുയിരായ്‌ ചില്ലയില്‍
മൊഴിത്തുള്ളിയാലവള്‍ നനച്ചിട്ട മണ്ണില്‍
തണല്‍ തൂകി നില്‍ക്കുന്നു നെഞ്ചിലായ് കാലമേ......

മുറിവുകളാണ് ആ അക്ഷരങ്ങള്‍ !
വെളിച്ചംതൊട്ടവളെഴുതിയ വാക്കുകള്‍ ...
മൂളിയാല്‍പോലും പൊടിക്കു- മിറ്റുരക്തം !
മായാതെ കിടക്കട്ടെ മരിക്കോളമതെന്നിലായ്‌
മാറ്റംകുറിക്കരുതതില്‍- മാത്രം കാലമേ ......